History

1986 ല്‍ ശിലാസ്ഥാപനം ചെയ്ത്, 1987 ല്‍ കൂദാശചെയ്യപ്പെട്ട നമ്മുടെ ദേവാലയം 1991 മാര്‍ച്ച് 31 വരെ മാതൃ ഇടവകയായ എറണാകുളം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഒരു ചാപ്പല്‍ ആയിരുന്നു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത കൂടി ആയിരുന്ന അഭിവന്ദ്യ പൗലൂസ് മാര്‍ മിലിത്തിയോസ് (ഇപ്പോഴത്തെ കാതോലിക്ക ബാവാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍) തിരുമനസ്സിലെ 1991 മാര്‍ച്ച് 14-ലെ കല്പന പ്രകാരം 1991 ഏപ്രില്‍ മാസം ഒന്നാം തീയതി ഈ ദേവാലയം ഒരു സ്വതന്ത്ര ഇടവക ആയി പ്രഖ്യാപിക്കപ്പെട്ടു. 1991 ഏപ്രില്‍ 1 ന് സെന്‍റ് മേരീസ് പള്ളി വികാരി ബഹു. ഒ.വി. ഏലിയാസ് അച്ചന്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും സെന്‍റ് ജോര്‍ജ് ഇടവകയുടെ പ്രഥമ വികാരിയായി നിയമിതനായ ബഹു. കെ. ഇ. വര്‍ക്കി അച്ചന്‍ ബഹു. ഏലിയാസ് അച്ചനില്‍ നിന്നും താക്കോല്‍ സ്വീകരിച്ചുകൊണ്ട് 145 കുടുംബങ്ങളോടുകൂടി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, എറണാകുളം, പാലാരിവട്ടം എന്ന പേരില്‍ സ്വതന്ത്ര ഇടവകയായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള വര്‍ഷങ്ങള്‍ ഇടവകയുടെ ആത്മീകവും ഭൗതീകവുമായ പുരോഗതിയുടെ നാളുകളായിരുന്നു.

പരിമിതമായ ആരാധനാ സൗകര്യം മാത്രം ഉണ്ടായിരുന്ന ഇടവകയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സൗകര്യത്തിനായി സെന്‍റ് ജോര്‍ജ്ജ് പാരീഷ് ബില്‍ഡിംഗ് എന്ന സമുച്ചയത്തിന് 1991 ജൂണ്‍ 30 ന് അഭി. പൗലോസ് മാര്‍ മിലിത്തിയോസ് തിരുമേനി ശിലാ സ്ഥാപനം നടത്തുകയും തുടര്‍ന്ന് അതിന്‍റെ ഒന്നാം നില പൂര്‍ത്തീകരിക്കുകയും ചെയ്തു.

ഇടവകയ്ക്ക് സ്വന്തമായി ഒരു സെമിത്തേരി ഉണ്ടാക്കുക എന്നത് അംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു. കൂട്ടായ പ്രാര്‍ത്ഥനയുടേയും പ്രവര്‍ത്തനത്തിന്‍റേയും ഫലമായി സെമിത്തേരിയ്ക്കു വേണ്ടി 1995 മാര്‍ച്ച് മാസത്തില്‍ ഏലൂരില്‍ 167 സെന്‍റ് സ്ഥലം വാങ്ങി. പല പ്രയാസങ്ങളേയും അതിജീവിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ 5 കല്ലറകള്‍ പണിത് 1998 നവംബര്‍ 2-ാം തീയതി സെമിത്തേരിയ്ക്കുള്ള ലൈസന്‍സ് നേടിയെടുക്കുവാന്‍ സാധിച്ചു. വീണ്ടും ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് പിന്നീട് 220 കല്ലറകള്‍ കൂടി പൂര്‍ത്തീകരിച്ചത്. സമീപത്തുള്ള 77 സെന്‍റ് സ്ഥലം കൂടി വാങ്ങി സെമിത്തേരിയിലേക്ക് സ്വന്തമായി ഒരു വഴി ഉണ്ടാക്കിയെടുക്കുവാന്‍ സാധിച്ചത് മറ്റൊരു നേട്ടം തന്നെയാണ്. സെമിത്തേരിയിലേക്ക് സ്വന്തമായി വഴി ഇല്ലാത്ത സമയത്ത് വഴി തന്നു സഹായിച്ച ഏലൂര്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ്, കളമശ്ശേരി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് എന്നീ ഇടവകകളോടുള്ള നന്ദിയും കടപ്പാടും പ്രത്യേകം സ്മരിക്കുന്നു. സെമിത്തേരിക്ക് വേണ്ടി ഒരു വെയിറ്റിംഗ് ഷെഡ്, മള്‍ട്ടി സ്റ്റോറീഡ് സെല്ലാര്‍, ചുറ്റുമതില്‍ എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ചില സമീപ വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. താമസംവിനാ ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനര്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു.

ഒരു മള്‍ട്ടിപര്‍പ്പസ് പ്രൊജക്ട് രൂപീകരിച്ച് അതിന്‍റെ മേല്‍നോട്ടത്തില്‍ പള്ളിയുടെ സമീപത്ത് സെന്‍റ് ജോര്‍ജ് ടവേഴ്സ് എന്ന പേരില്‍ നിര്‍മ്മിച്ച റസിഡന്‍ഷ്യല്‍ ഫ്ളാറ്റുകള്‍ 1997 മാര്‍ച്ച് 16-ാം തീയതി കൂദാശ ചെയ്തു. ഇതോടൊപ്പം തന്നെ ഇന്നു കാണുന്ന കൂടുതല്‍ സ്ഥലസൗകര്യത്തോടും പുതിയ മുഖവാരത്തോടും കൂടിയ ദേവാലയത്തിന്‍റെ ശിലാസ്ഥാപനം 1996 മാര്‍ച്ച് 17-ാം തീയതി അഭി. സഖറിയ മാര്‍ അന്തോണിയോസ് തിരുമേനി നിര്‍വ്വഹിക്കുകയും 1998 ഫെബ്രുവരി 20, 21 തീയതികളിലായി അഭി. പൗലോസ് മാര്‍ മിലിത്തിയോസ്, അഭി. സഖറിയ മാര്‍ അന്തോണിയോസ്, അഭി. പൗലോസ് മാര്‍ പക്കോമിയോസ് എന്നീ തിരുമേനിമാരുടെ കാര്‍മ്മികത്വത്തില്‍ കൂദാശ ചെയ്യുകയും ചെയ്തു. പള്ളി മുറ്റത്ത് സ്റ്റേജിന്‍റെ പണി പൂര്‍ത്തീകരിക്കുകയും ഭവനരഹിതരായ 3 ഇടവകാംഗങ്ങള്‍ക്ക് വീട് വെച്ച് കൊടുക്കയും സെമിത്തേരിയുടെ സ്ഥലം മണ്ണിട്ട് നികത്തി ചുറ്റുമതില്‍ പണിയുകയും ചെയ്തു. കൂടാതെ പാരീഷ് ബില്‍ഡിംഗിന്‍റെ രണ്ടും, മൂന്നും നിലകള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഇവിടെ പാഴ്സനേജ്, തിരുമേനിമാര്‍ക്കു താമസി യ്ക്കുവാനുള്ള മുറി, ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ ലൈബ്രറി, സണ്ടേസ്കൂള്‍ ഹാള്‍, ഹോസ്റ്റല്‍ മുറികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

ആരാധനയ്ക്കു വരുന്ന ഇടവകാംഗങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുവേണ്ടിയും ഇടവകയ്ക്ക് സ്വന്തമായി ഒരു ഓഡിറ്റോറിയം ഉണ്ടാകണമെന്നുള്ള അംഗങ്ങളുടെ ആഗ്രഹം സഫലീകരിക്കുന്നതിനുവേണ്ടിയും സമീപത്തു വാങ്ങിയ സ്ഥലത്ത് പരി. ബസേലിയോസ്സ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ കാതോലിക്ക ബാവാ തിരുമേനി 2002 ജനുവരി 6 ന് കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ഡവലപ്മെന്‍റ് പ്രോജക്ടിന്‍റെ നേതൃത്വത്തില്‍ പണിപൂര്‍ത്തീകരിച്ച് തേജസ്സ് എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സമുച്ചയത്തിന്‍റെ കൂദാശയും സമര്‍പ്പണവും പരി. കാതോലിക്ക, ബസേലിയോസ്സ് മാര്‍ത്തോമ മാത്യൂസ് ദ്വിതിയന്‍ ബാവായുടെ നേതൃത്വത്തിലും, അഭിവന്ദ്യരായ പൗലോസ് മാര്‍ മിലിത്തിയോസ്, സഖറിയ മാര്‍ അന്തോണിയോസ് എന്നീ തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും 2004 ജനുവരി 25ന് നടത്തപ്പെട്ടു. ഈ കെട്ടിട സമുച്ചയത്തില്‍ കാര്‍ പാര്‍ക്കിംഗ്, ഷോപ്പിംഗ് കോംപ്ലക്സ്, പാലാരിവട്ടത്തിന്‍റെ തിലകക്കുറിയായ തേജസ്സ് ഓഡിറ്റോറിയം എന്നിവ ഉള്‍പ്പെടുന്നു. ഇതിന്‍റെ പൂര്‍ത്തീകരണത്തിനാവശ്യമായ മുഴുവന്‍ തുകയും സമാഹരിച്ചത് ഇടവകാംഗങ്ങളില്‍ നിന്നുള്ള വായ്പയും സംഭാവനയും വഴിയാണെന്നുള്ളത് പ്രസ്താവ യോഗ്യമാണ്.

ഇടവകയുടെ പ്രാരംഭം മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എല്ലാവര്‍ഷവും ഗണ്യമായ തുക ചിലവഴിയ്ക്കാറുണ്ടെങ്കിലും വീടില്ലാത്തവര്‍ക്ക് സ്വന്തമായി വീടുകള്‍ നല്‍കുക എന്നുള്ളത് പ്രാഥമിക കര്‍ത്തവ്യമാണെന്ന് മനസ്സിലാക്കിയ നമ്മള്‍, ഒരു ഇടവകാംഗം സംഭാവനയായി നല്‍കിയ മഞ്ഞുമ്മേലുള്ള 5 സെന്‍റുള്‍പ്പെടെ 10 സെന്‍റ് സ്ഥലത്ത് ഫ്ളാറ്റു രീതിയില്‍ വീടുകള്‍ പണിതു കൊടുക്കുവാന്‍ തീരുമാനിച്ചു. ആദ്യപടിയായി രണ്ടു വീടുകള്‍ പൂര്‍ത്തീകരിച്ച് ബഥേല്‍ എന്ന് നാമകരണം ചെയ്തു. ഇതിന്‍റെ കൂദാശ അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്താ സഖറിയ മാര്‍ അന്തോണിയോസ് 2003 സെപ്റ്റംബര്‍ 28ന് നടത്തി. തുടര്‍ന്ന് 2 വീടുകള്‍ കൂടി 2009 ല്‍ പൂര്‍ത്തിയാക്കി ഭവനരഹിതരായ ഇടവകാംഗങ്ങള്‍ക്ക് നല്‍കി.

ഇടവകയിലെ കുടുംബങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പരസ്പരബന്ധം, ആത്മീകവും സാമൂഹികവുമായ പ്രവര്‍ത്തനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തോടുകൂടി ഇടവകയെ 11 കുടുംബ യൂണിറ്റു കളാക്കി തിരിച്ച് പ്രവര്‍ത്തിക്കുവാന്‍ 2004 ഫെബ്രുവരി 25-ാം തീയതി കൂടിയ പൊതുയോഗം തീരുമാനിച്ചു. മെച്ചപ്പെട്ട പ്രവര്‍ത്തന സൗകര്യത്തിനായി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, വിവാഹം, തൊഴില്‍ കണ്ടെത്തല്‍, ഭവനനിര്‍മ്മാണം, യുവജനവിഭാഗം എന്നീ ഏഴ് മേഖലകളായി തിരിച്ച് വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന നമ്മുടെ ഇടവക മെത്രാപ്പോലീത്തായായിരുന്ന അഭി. സഖറിയ മാര്‍ അന്തോണിയോസ് തിരുമനസ്സിലെ ഷഷ്ഠ്യാബ്ദിപൂര്‍ത്തിയോടനുബന്ധിച്ച് പാവപ്പെട്ട രോഗികള്‍ക്ക് വൈദ്യസഹായവും താമസ സൗകര്യവും നല്‍കുന്നതിനായി രൂപീകരിച്ച സഖറിയ മാര്‍ അന്തോണിയോസ് കാരുണ്യനിലയത്തിന്‍റെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കാളികളാകുവാനും പ്രസ്തുത പ്രവര്‍ത്തനത്തിന് ഇതിനോടകം തന്നെ ഗണ്യമായ തുക സമാഹരിക്കുവാനും ഇടവകയ്ക്കു സാധിച്ചു.

ഇടവക പള്ളി എന്നുള്ള നിലയില്‍ നിന്നും ചുരുങ്ങിയ കാലം കൊണ്ട് വലിയ പള്ളിയായി ഉയര്‍ത്തപ്പെടുക എന്നുള്ളത് ഇടവകയെ സംബന്ധിച്ചിടത്തോളം വലിയ പദവി തന്നെ. 2008 ജനുവരി 10 ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ ഈ ദേവാലയത്തെ വലിയ പള്ളിയായി ഉയര്‍ത്തുകയും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭി. പൗലോസ് മാര്‍ മിലിത്തിയോസ് തിരുമേനി 2008 മാര്‍ച്ച് 9-ാം തീയതി പള്ളിയില്‍ എഴുന്നെള്ളി പ്രഖ്യാപനം നടത്തുകയും ചെയ്തു. ചാപ്പല്‍ ഇടവക പള്ളിയായി പ്രഖ്യാപിച്ച തിരുമനസ്സ് തന്നെ 17 വര്‍ഷത്തിനു ശേഷം വലിയ പള്ളിയായി പ്രഖ്യാപിക്കുവാന്‍ ഇടയായാത് ദൈവകൃപ തന്നെ. ഇടവക വലിയ പള്ളിയായി പ്രഖ്യാപിച്ച ദിനത്തില്‍ തന്നെ പള്ളിയുടെ കല്‍ക്കുരിശിന്‍റെയും, ബുക്ക് സ്റ്റാളിന്‍റെയും കൂദാശയും നിര്‍വ്വഹിച്ചു.

സഭയുടെ ആത്മീയ സംഘടനകളായ സണ്ടേസ്കൂള്‍, മര്‍ത്തമറിയം സമാജം, ങ.ഏ.ഛ.ഇ.ട.ങ., യുവജനപ്രസ്ഥാനം, എല്‍ഡേഴ്സ് ഫോറം, പ്രാര്‍ത്ഥനയോഗം, ദിവ്യബോധനം, കൗണ്‍സലിംഗ്, ധ്യാനം, വാര്‍ഷിക കണ്‍വെന്‍ഷന്‍, ഇടവകാംഗങ്ങളുടെ ഒത്തൊരുമയുടെ മറ്റൊരു പ്രതീകമായ ആദ്യഫലപ്പെരുന്നാള്‍ എന്നിവ ഭംഗിയായി നമ്മുടെ ഇടവകയില്‍ നടന്നുവരുന്നു. ഭദ്രാസനതലത്തിലും അഖില മലങ്കര തലത്തിലും ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ സണ്ടേസ്കൂള്‍, മര്‍ത്തമറിയംസമാജം, ങ.ഏ.ഛ.ഇ.ട.ങ., എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മൊത്തമായ പ്രശംസയ്ക്ക് പാത്രീഭൂതമായിട്ടുണ്ട്. യശഃശരീരനായ ശ്രീ. പി.ജി. എബ്രഹാമിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ക്വയര്‍ ആരാധനകള്‍ ഇമ്പകരമാക്കുവാന്‍ സഹായിക്കുന്നു.

ഇടവകാംഗങ്ങളുടെയും വിശ്വാസികളുടേയും ആത്മീയവളര്‍ച്ചയും വായനാ ശീലവും വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി ജോര്‍ജ്ജിയന്‍ മിറര്‍ എന്ന ഒരു ത്രൈമാസിക പ്രസിദ്ധീകരണം 2006 ല്‍ പള്ളിയുടെ വകയായി തുടങ്ങുകയുണ്ടായി. ആറുവര്‍ഷം പിന്നിട്ടിരിക്കുന്ന ഈ പ്രസിദ്ധീകരണം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികവുറ്റതെന്ന ഖ്യാതി സമ്പാദിച്ചു കഴിഞ്ഞു. ഇന്നാട്ടിലുള്ളവരും പ്രവാസികളുമടക്കം ഒട്ടനവധിപേര്‍ ടി പ്രസിദ്ധീകരണം വെബ്സൈറ്റിലൂടെയും വായിച്ച് പ്രയോജനപ്പെടുത്തു ന്നതില്‍ സന്തോഷമുണ്ട്. കൂടാതെ ഇടവക വാര്‍ത്തകള്‍ക്കായി എറൈസ് എന്ന മാസികയും പ്രസിദ്ധീകരിക്കുന്നു.

ഹൃസ്വമായ 22 വര്‍ഷം കൊണ്ട് ഈ ഇടവകയ്ക്ക് മലങ്കര സഭയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുവാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. കാരുണ്യവാനായ ദൈവത്തിന്‍റെ കൃപയും, പരി. ദൈവമാതാവിന്‍റെയും, ഇടവകയുടെ കാവല്‍പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും, എല്ലാ പരിശുദ്ധന്മാരുടെയും മദ്ധ്യസ്ഥത കൊണ്ടു മാത്രമാണ് ഇത് സാധ്യമായത്. ഇടവകയെ ഈ നിലയിലേക്ക് ഉയര്‍ത്തുവാന്‍ പ്രയത്നിച്ച അതാത് കാലത്തെ വികാരിമാര്‍, ഇടവക പട്ടക്കാര്‍, ശുശ്രൂഷകര്‍, ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍ ഭരണസമിതി അംഗങ്ങള്‍, ആത്മീയ സംഘടനാ പ്രവര്‍ത്തകര്‍, ജീവനക്കാര്‍, സര്‍വ്വോപരി നല്ലവരായ ഇടവകാംഗങ്ങള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം കൂടുതല്‍ പുരോഗതിക്കു വേണ്ടി ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യാം.

HOME
CATHOLICATE
OUR PARISH
SPIRITUAL ORGANISATION
OUR PUBLICATIONS
GALLERY
CONTACT US
HISTORY
DIOCESE
VICAR
MANAGING COMMITTEE
PARISH CHOIR
ST.GEORGE BOOK STALL
LIBRARY
THEJUS AUDITORIUM

CHURCH SERVICES

SUN MORNING PRAYER 1: 5.15 AM
SUN HOLY QURBANA 1 : 6.15 AM
SUN MORNING PRAYER 2 : 7.30 AM
SUN HOLY QURBANA 2: 8.15 AM
2ND & 4TH SAT'S MORNING PRAYER : 6.00 AM
2ND & 4TH SAT'S HOLY QURBANA : 6.30 AM
SANDHYANAMASKARAM : 6.30PM (ON ALL DAYS)

CHURCH ADDRESS

ST.George Orthodox Valiyapally,
Palarivattom, Pin : 682025
Phone:0484 2346096
Email : sgovpp@gmail.com